മൺകൂജകളിലെ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ. മൺകൂജകളിലെ വെള്ളം തണുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മൺകുടത്തിലെ വെള്ളം തണുത്തിരിക്കുന്നതിന്റെ പ്രധാന കാരണം ബാഷ്പീകരണമാണ്. മൺകുടത്തിന്റെ ഭിത്തികളിൽ വളരെ ചെറിയ സുഷിരങ്ങൾ ഉണ്ട്. ഈ സുഷിരങ്ങളിലൂടെ വെള്ളം പുറത്തേക്ക് വരും. പുറത്തേക്ക് വരുന്ന വെള്ളം അന്തരീക്ഷത്തിലെ ചൂട് വലിച്ചെടുത്ത് ബാഷ്പീകരിക്കപ്പെടുന്നു. ഈ പ്രക്രിയ നടക്കുന്നതിലൂടെ മൺകുടത്തിനുള്ളിലെ വെള്ളത്തിന്റെ താപനില കുറയുകയും അത് തണുക്കുകയും ചെയ്യുന്നു. ഫ്രിഡ്ജിലെ വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന തൊണ്ട വേദന, ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങൾ മൺകുടത്തിലെ വെള്ളം കുടിക്കുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കുന്നു. മാത്രമല്ല മൺകുടങ്ങൾക്ക് ആൽക്കലൈൻ സ്വഭാവമുണ്ട്. ഇത് വെള്ളത്തിലെ അസിഡിറ്റി കുറക്കാൻ സഹായിക്കുന്നു. ശരീരത്തിലെ പി.എച്ച് നില ബാലൻസ് ചെയ്യാൻ ഇത് സഹായിക്കും. മൺകുടത്തിൽ വെള്ളം സൂക്ഷിക്കുമ്പോൾ മണ്ണിന്റെ ചില ധാതുക്കൾ വെള്ളത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിന് ഗുണകരമായ പോഷകങ്ങൾ നൽകുന്നു. മൺകുടത്തിലെ വെള്ളം കുടിക്കുന്നത് ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും, മെറ്റബോളിസം വർധിപ്പിക്കുകയും, ദഹനം സുഗമമാക്കുകയും, ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും, സൂര്യഘാതം പോലുള്ള അവസ്ഥകൾ തടയുകയും ചെയ്യും.


















