ലോകത്ത് കൂടുതൽ ആളുകൾ മരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെങ്കിലും രാത്രികാലങ്ങളിൽ ഇതിന്റെ സാധ്യത ഇരട്ടിയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഓക്സിജൻ വഹിച്ചുകൊണ്ടുള്ള രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഒരു ഹൈവേ ആണ് രക്തക്കുഴലുകൾ. ഉറക്കത്തിൽ, ഈ കുഴലുകൾ സ്വഭാവികമായും ചുരുങ്ങാനും രക്തസമ്മർദം ഉയരാനും കാരണമാകും. രക്തസമ്മർദം ഉയരുന്നതോടെ ഹൃദയത്തിന്റെ പണി ഇരട്ടിയാകും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുമെന്ന് വിദഗ്ധർ പറയുന്നു. പകൽ സമയത്തുണ്ടാകുന്ന ഹൃദയാഘാതങ്ങളെ അപേക്ഷിച്ച് രാത്രിയിലെ ഹൃദയാഘാതം കൂടുതൽ ഗുരുതരമാണ്. ആളുകൾ ഉറങ്ങുന്നതിനാൽ നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ മുന്നറിയിപ്പുകൾ തിരിച്ചറിയാൻ വൈകിയെന്ന് വരാം. ഇത് അടിയന്തര സഹായം വൈകിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദം, ആതെറോസ്‌ക്ലീറോസിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരിൽ ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഈ ഘടകങ്ങളെ കുറിച്ച് മനസിലാക്കുന്നത്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശം.



















