മധുരക്കിഴങ്ങ് പോലെ തന്നെ പോഷകമൂല്യം അടങ്ങിയതാണ് അവയുടെ തൊലിയും. പലപ്പോഴും അവ നീക്കിയ ശേഷമാണ് മധുരക്കിഴങ്ങ് പാകം ചെയ്യാറ്. എന്നാൽ തൊലി നീക്കം ചെയ്യിക്കുന്നതിലൂടെ അവയുടെ 20 ശതമാനം പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീർഘനേരം സംതൃപ്തി നൽകും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും മധുരക്കിഴങ്ങിന്റെ തൊലി സഹായിക്കുന്നു. കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡൻറ് ഗുണങ്ങൾ കുറയ്ക്കും. മധുരക്കിഴങ്ങിൻറെ തൊലിയിൽ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ. കൂടാതെ, പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. മധുരക്കിഴങ്ങ് മണ്ണിനുള്ളിൽ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ മധുരക്കിഴങ്ങ് വെള്ളത്തിൽ നന്നായി കഴുകി എടുത്തതിന് ശേഷം വേണം ഉപയോഗിക്കാൻ.



















