തലശ്ശേരിയില്‍ ആയുധങ്ങളുമായി ആര്‍.എസ്.എസ് സംഘം വീണ്ടും പിടിയില്‍

representational picture

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പൊലീസ് നടത്തിയ നീക്കത്തിനൊടുവില്‍ മേലൂര്‍ വടക്ക് ശിവശക്തിയില്‍ സുബിനേഷ് (33), കെ.ടി പീടികയിലെ ദേവരാജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ നളിനാക്ഷനും സംഘവുമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

സംഘത്തില്‍നിന്ന് വടിവാള്‍, കത്തിവാള്‍, ഇരുമ്പുപൈപ്പ് എന്നിവ പിടികൂടി. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മേലൂര്‍ മുച്ചിലോട്ടുകാവ് പരിസരത്തുനിന്നാണ് ഇവര്‍ അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പിടിയിലാകുമെന്ന് ഉറപ്പായതോടെ സംഘം പൊലീസിനെ ഭീഷണിപ്പെടുത്തുകയും വാള്‍വീശി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംഘട്ടനത്തിലൂടെ രണ്ടുപേരെ പൊലീസ് പിടികൂടി. മേലൂര്‍ ചെഗുവേര ക്‌ളബ് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുബിനേഷെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച മമ്പറം പറമ്പായി പള്ളിക്ക് സമീപത്തുനിന്ന് ആയുധങ്ങളുമായി ആര്‍.എസ്.എസ് സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിറകെയാണ് മേലൂരിലും ആയുധങ്ങളുമായി അറസ്റ്റിലായത്.

LEAVE A REPLY