ഗുരുതരമായ രക്താർബുദം ബാധിച്ച പത്തുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായി അജ്മാനിൽ ജോലി ചെയ്യുന്ന അംജദ് എന്ന മലയാളി

ലോകത്ത് പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സാധ്യമാകുന്ന ബ്ലഡ് സ്‌റ്റെം സെൽ ഡൊണേഷൻ കേരളത്തിലും സാധ്യമായെന്ന അപൂർവ്വ വാർത്തയാണ് പുറത്തുവരുന്നത്. ഗുരുതരമായ രക്താർബുദം ബാധിച്ച പത്തുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായി അജ്മാനിൽ ജോലി ചെയ്യുന്ന അംജദ് എന്ന മലയാളി യുവാവാണ് അടിയന്തിരമായി കേരളത്തിലേയ്ക്ക് മടങ്ങി എത്തിയത്. പത്ത് വർഷം മുമ്പ് മുക്കത്ത് നടന്ന ബ്ലഡ് സ്‌റ്റെം സെൽ ക്യാംപിൽ അംജദ് നൽകിയ സാംപിളാണ് വർഷങ്ങൾക്കിപ്പുറം ഒരു കുട്ടിയുടെ ജീവിതത്തെ തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്നത്. മാരക രോഗം ബാധിച്ച കുട്ടിയുടെ അസ്ഥി മജ്ജ മാറ്റിവയ്ക്കുന്നതിനായി സംസ്ഥാനത്ത് ലഭ്യമായ മുഴുവൻ രക്തസാംപിളുകളും പരിശോധിക്കുന്ന തിരക്കിലായിരുന്നു അധികൃതർ. പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം മാച്ചാകുന്ന സാംപിളിനായുള്ള അന്വേഷണം വിജയം കണ്ടത് ശുഭപ്രതീക്ഷയായാണ് ഡോക്ടർമാരും വിലയിരുത്തുന്നത്. ഇതൊരു ദൈവ നിയോഗമാണെന്നായിരുന്നു അംജദിന്റെ പ്രതികരണം. സ്വീകർത്താവായ കുട്ടിയുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.