മുഖത്തെയും വായയെയും ബാധിക്കുന്ന ജന്മനാലുള്ള മുറിച്ചുണ്ടും മുറിയണ്ണാക്കും സംബന്ധിച്ച വിദഗ്ധപഠനവുമായി തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്. ജനിതകകാരണങ്ങൾക്കൊപ്പം പരിസ്ഥിതിഘടകങ്ങളും ഈ രോഗാവസ്ഥയെ സ്വാധീനിക്കുന്നതായാണ് കണ്ടെത്തൽ. കേരളത്തിലെ ആയിരത്തിലധികം കുട്ടികളിലാണ് പഠനം നടത്തിയത്. രോഗം ബാധിച്ച കുട്ടികളിൽ 76 ശതമാനംപേരും കാർഷിക മേഖലകളിൽനിന്നുള്ളവരാണെന്നാണ് കണ്ടെത്തൽ. മറ്റു ആരോഗ്യപ്രശ്നമില്ലാത്ത ‘നോൺ-സിൻഡ്രോമിക് ഓറോഫേഷ്യൽ’ വിഭാഗത്തിൽപ്പെട്ടവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് വൈകല്യമുള്ളവർ കൂടുതലായുള്ളത്. ശാസ്ത്രജ്ഞരും ഡോക്ടർമാരും ഗവേഷണവിദ്യാർഥികളുമടങ്ങുന്ന സംഘം അഞ്ചുവർഷമായി ഈ വിഷയത്തിൽ പഠനം നടത്തുന്നതായാണ് റിപ്പോർട്ട്.



















