തിരുവനന്തപുരത്ത്, വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരത്ത്, വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. യുവതിയുടെ ഭർത്താവ് നയാസിനെതിരെ നരഹത്യാക്കുറ്റം ചുമത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആധുനിക ചികില്‍സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും സമാനമായ മൊഴിയാണ് നല്‍കിയത്. ആരോ​ഗ്യ പ്രവർത്തകരോടു പോലും സംസാരിക്കുന്നതിന് യുവതിക്ക് വിലക്കുണ്ടായിരുന്നു. രാജ്യത്ത് അം​ഗീകൃതമല്ലാത്ത ചികിത്സാരീതികൾ പ്രാക്റ്റീസ് ചെയ്തിരുന്ന ആളാണ് യുവതിയുടെ ഭർത്താവ് നയാസ്. യുവതിയെ മനഃപൂർവം മരണത്തിലേക്ക് തള്ളിവിട്ട സ്ഥിതിവിശേഷമാണിതെന്നും, നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. അതേസമയം യുവതിയുടെ മരണം നിര്‍ഭാര്യകരമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തത് അന്വേഷിക്കുമെന്നും സമൂഹം ഇത്തരം പ്രവണതകളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ പ്രസവിക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പാലക്കാട് സ്വദേശിയായ ഷെമീറ ബീവിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത്. മരണത്തിനു പിന്നാലെ നേമം പോലീസ് നയാസിനെ മനപ്പൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY