ലോകോത്തര നൂതന ചികിത്സാ സംവിധാനവുമായി ആരോഗ്യവകുപ്പ്

പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനവുമായി ആരോഗ്യവകുപ്പ്. കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് സജ്ജമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15ന് നടക്കുമെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് അവരുടെ സ്വന്തം ചർമ്മം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്‌കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നതിനായാണ് സ്‌കിൻ ബാങ്ക് പ്രവർത്തിക്കുക എന്നി ആരോഗ്യമന്ത്രി വ്യക്തമാക്കി.