മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒരു പിഞ്ചു കുഞ്ഞിന് കൂടി ജീവൻ നഷ്ടമായി. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുലയൂട്ടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അമ്മയും കുഞ്ഞും ഉണർന്നിരിക്കുമ്പോൾ മാത്രമേ പാൽ കൊടുക്കാവൂ. കുഞ്ഞിനെ കിടത്തിക്കൊണ്ട് പാൽ കൊടുക്കുന്നത് അപകടത്തിന് കാരണമാകാം. കുഞ്ഞിനെ എടുത്ത് കയ്യിൽ വെച്ചുകൊണ്ടുവേണം മുലയൂട്ടാൻ. ഓരോ ഫീഡിങ്ങിന് ശേഷവും കുഞ്ഞിനെ തോളിൽ കിടത്തി പത്ത് മിനിറ്റ് നേരം പുറത്തുതട്ടി ഗ്യാസ് കളയേണ്ടതാണ്. ഫീഡിങ്ങിന് ശേഷം കുഞ്ഞിനെ ഇടതുവശം ചരിച്ച് കിടത്താൻ ശ്രമിക്കുക. ഇങ്ങനെ കിടത്തുകവഴി, പാൽ തികട്ടിവന്നാലും അത് പുറത്തേയ്ക്ക് ഒഴുകി പോകാൻ സഹായിക്കും. അഥവാ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ കുഞ്ഞിനെ കമിഴ്ത്തി പിടിച്ച് കുഞ്ഞിന്റെ മുതുകിൽ തുടർച്ചയായി തട്ടുകയും എത്രയും വേഗം വൈദ്യസഹായം തേടുകയും ചെയ്യുക. ഓർക്കുക, നമ്മുടെ അശ്രദ്ധയ്ക്ക് ഒരു ജീവന്റെ വിലയുണ്ട്.





















