ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി ആംബുലൻസ്, പിന്നാലെ മൂന്നുവയസ്സുകാരന് ജീവൻ നഷ്ടമായി. ജന്മനാ ആരോഗ്യ പ്രശ്നമുള്ള കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കൊട്ടിയൂർ പ്രാധമിക ആരോഗ്യ കേന്ദ്രത്തിൽനിന്നും രക്ഷിതാക്കൾ ആംബുലൻസ് സേവനം ആവശ്യപ്പെട്ടിരുന്നു. പത്ത് മിനിറ്റുകൊണ്ട് എത്തേണ്ടിയിരുന്ന വാഹനം ഗതാഗത കുരുക്ക് മൂലം മൂക്കാൽ മണിക്കൂർ വൈകിയാണ് എത്തിയത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേയ്ക്കാണ് കുട്ടിയെ കൊണ്ടുപോയത്. ഗതാഗത കുരുക്കിനെ തുടർന്ന് രണ്ട് മണിക്കൂറോളം സമയമെടുത്താണ് ആംബുലൻസ് മെഡിക്കൽ കോളേജിൽ എത്തിയത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ കുഞ്ഞിന് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് മലയോര ഹൈവേയിൽ രണ്ട് ദിവസമായി ഗതാഗത കുരുക്ക് തുടരുകയാണ്.






















