ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം കിടക്കുന്ന ശീലം ചിലർക്കുണ്ട്, ആ ശീലം നല്ലതാണോ? ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് ചിലർ കാണുന്നത്. ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണെന്നാണ് ‘ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജി’ യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഉച്ചയൂണ് കഴിഞ്ഞ് ഒരു മണിക്കൂർ മയങ്ങുന്നത് ഓർമശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വർദ്ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. പ്രായമേറിയവർക്കും കുഞ്ഞുങ്ങൾക്കും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാകാം ഉച്ചമയക്കം. ഭക്ഷണശേഷം രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള സമയമാണ് ഉച്ചമയക്കത്തിന് ഏറ്റവും നല്ലതെന്നും പഠനത്തിൽ പറയുന്നു. ഒരുമണിക്കൂർവരെ ഉച്ചമയക്കത്തിലേർപ്പെടുന്നവർ മറ്റുള്ളവരേക്കാൾ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാകാനുള്ള സാധ്യതയും പഠനത്തിൽ വ്യക്തമാക്കുന്നു.






















