
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്‌ട്രോക്കിനുള്ള 200 ത്രോംബോളിസിസ് ചികിത്സകൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് ത്രോംബോളിസിസ്. മുമ്പ് പക്ഷാഘാത ചികിത്സയ്ക്കുള്ള സ്ട്രോക്ക് യൂണിറ്റുകൾ ജില്ലാതല ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യമൊരുക്കിയാണ് സ്ട്രോക്ക് ചികിത്സ ആരംഭിച്ചത്. ഇതാദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയിൽ 200 ത്രോംബോളിസിസുകൾ പൂർത്തിയാക്കുന്നത് . സ്‌ട്രോക്ക് ചികിത്സയിൽ ആദ്യത്തെ മണിക്കൂറുകൾ വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മണിക്കൂറുകളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് രോഗമുക്തമാകുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷാഘാത ചികിത്സ ജില്ലാതല ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചത് രോഗികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് . മെഡിക്കൽ കോളേജുകൾക്ക് പുറമേ ജില്ലാതല ആശുപത്രികളിൽ കൂടി സ്ട്രോക്ക് ചികിത്സ ആരംഭിച്ചതോടെ കൂടുതൽ ആളുകൾക്ക് ‘ഗോൾഡൻ അവർ ചികിത്സ’ ലഭ്യമാകുകയും രോഗമുക്തമാകാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ട്. രോഗികളുടെ ചികിത്സാ ചെലവിൽ ഉൾപ്പെടെ ഗണ്യമായ കുറവുണ്ടാക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾക്ക് പുറമേ പത്തനംതിട്ട ഉൾപ്പെടെ 12 ജില്ലാതല ആശുപത്രികളിലാണ് സ്ട്രോക്ക് യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് തന്റെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി.


















