കൃത്രിമനിറങ്ങൾ ചേർത്ത ഭക്ഷണസാധനങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും ലഘുപാനീയങ്ങളുടെയും കാര്യത്തിൽ ശ്രദ്ധ വേണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിരോധിച്ച കൃത്രിമ ഭക്ഷ്യനിറങ്ങളാണ് ചിലയിനം ഭക്ഷണങ്ങളിൽ ചേർക്കുന്നത്. അനുവദനീയമായ ഭക്ഷ്യനിറങ്ങൾ അമിതമായ അളവിൽ ചേർക്കുന്നതും രോഗങ്ങൾക്ക് കാരണമാകും. ആളുകൾ കൂടുന്നിടത്ത് വിൽപ്പനക്കെത്തുന്ന പാനീയങ്ങളിലും ഐസ്‌ക്രീമുകളിലും സിപ്പ് അപ്പിലും തുടങ്ങി കുപ്പിയിലടച്ച ലഘുപാനീയങ്ങളിലും പാക്ക് ചെയ്ത ഭക്ഷ്യയിനങ്ങളിലും കൃത്രിമ നിറങ്ങൾ ചേർക്കുന്നുണ്ട്. കൂടാതെ ലഡു, ജിലേബി, ബിസ്കറ്റുകൾ തുടങ്ങി കായവറുത്തതിൽവരെ നിറങ്ങൾ ധാരാളം അടങ്ങിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് ഭക്ഷണങ്ങളിലെ നിറത്തിനെതിരേ ബോധവത്കരണവും ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്നുണ്ട്.