വെസ്റ്റ് വര്‍ജീനിയ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ ‘ഹീലിട്ട കുരങ്ങെ’ ന്ന് പരാമര്‍ശിച്ച പമേല ടെയ്ലറുടെ പണിപോയി. മിഷേലിനെ ഫേസ്ബുക്കിലുടെ പരിഹസിച്ച സംഭവത്തില്‍ വെസ്റ്റ് വര്‍ജീനിയയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ ഏജന്‍സി ക്ലെയ് കൗണ്ടി ഡെവലപ്മെന്റ് കോര്പറേഷന് ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് പമേലയെ നീക്കിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതുമായി ബന്ധപ്പെട്ട് പമേലയിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് മിഷേലിനെതിരെ വംശീയ വിദ്വേഷംപൂണ്ട വാക്കുകള്‍ പരാമര്‍ശിച്ചത്. ”ആഭിജാത്യവും മഹത്വവുമുള്ള സുന്ദരിയായ ഒരു പ്രഥന വനിതയെ വൈറ്റ് ഹൗസിന് തിരികെ ലഭിച്ചത് ആശ്വാസകരമാണെന്നും ‘ഹീലിട്ട കുരങ്ങി’നെ കണ്ട് താന്‍ മടുത്തു” എന്നുമായിരുന്നു പമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഇക്കാര്യം ചൂണ്ടിക്കാട്ടി വംശീയ വിരുദ്ധ നയങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായതിനാല്‍ പമേലയെ പുറത്താക്കുന്നു എന്നാണ് സംഭവത്തില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.