ശ്രുതിതരംഗം പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ശ്രുതിതരംഗം പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികള്‍ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുന്നു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. ഒരു വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയ കുട്ടികള്‍ പോലും കേള്‍വി തിരിച്ചുകിട്ടാതെ സങ്കടത്തിലാണെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനന്സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും, ഇവര്‍ക്ക് അടുത്തുള്ള എം പാനല്‍ ആശുപത്രി വഴി ചികിത്സ തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 516 അപേക്ഷകളാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ബാക്കിയുള്ള 59 അപേക്ഷകളിലും നടപടി സ്വീകരിക്കുന്നതാണ്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY