സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ കേന്ദ്ര നിര്‍ദേശം

സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രം, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റേഴ്‌സ് തുടങ്ങിവയുടെ പേര് മാറ്റാനാണ് നിര്‍ദേശം. ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്ന പേര് വയ്ക്കുന്നതിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണം. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പേര് രേഖപ്പെടുത്തേണ്ടത്. നിലവിലെ ബോര്‍ഡുകളിലുള്ള നാഷനല്‍ ഹെല്‍ത്ത് മിഷന്റെ ലോഗോയും മറ്റു ലോഗോകളും ഉള്‍പ്പെടുത്തണം. വാടക കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കണം. പേരുകള്‍ മാറ്റുന്നതിന് 3000 രൂപയാണ് അനുവദിക്കുന്നത്. പേര് മാറ്റംവരുത്തിയ ആരോഗ്യ കേന്ദ്രങ്ങളുടെ ഫോട്ടോ ആയുഷ്മാന്‍ ഭാരത് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഡിസംബര്‍ 31നകം ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY