വേൾഡ് ബാങ്കിന്റെ വാർഷിക മീറ്റിംഗുകളിൽ പാനലിസ്റ്റായി പങ്കെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വാഷിംഗ്ടൺ ഡിസിയിൽ എത്തിച്ചേർന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുഞ്ഞുങ്ങളുടെ പോഷകാഹാരവും ആരോഗ്യവും എന്നീ വിഷയങ്ങളിലെ ഔപചാരിക ചർച്ചകളിൽ പാനലിസ്റ്റ് ആയിട്ടാണ് മന്ത്രിക്ക് വേൾഡ് ബാങ്കിന്റെ ക്ഷണം ലഭിച്ചത്. ചർച്ചകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. ‘ഏജിങ്’ സംബന്ധിച്ച മന്ത്രിതല അനൗപചാരിക ചർച്ചയിലും മന്ത്രി വീണാ ജോർജ് പങ്കെടുക്കുന്നുണ്ട്.