പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണം

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി- ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്‌നോളജി ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്ട്രേഷൻ നടത്തേണ്ടതാണ്. അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 140 സ്ഥാപനങ്ങളുടെ പരിശോധന പൂർത്തിയാക്കി രജിസ്ട്രേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങൾ തടയുന്നതിനും പ്രവർത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവർക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്ട്രേഷൻ നടപടികൾ ത്വരിതപ്പെടുത്തുവാനും പരാതികൾ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിർദേശം നൽകി.