എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. അടിയന്തിരമായി വാക്സിൻ ആവശ്യമുള്ള മേഖലകളിലേക്ക് മാത്രം എംവിഐ- ബിഎൻ വിതരണം ചെയ്യാനാണ് അനുമതി. സ്വന്തം നിലയിൽ വാക്സിൻ പരീക്ഷണങ്ങൾക്ക് സാഹചര്യമില്ലാത്ത അവികസിത-വികസ്വര രാജ്യങ്ങൾക്കായി വാക്സിനുകളുടെയും മരുന്നുകളുടെയും ചികിൽസാ രീതികളുടെയും സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്താൻ ലോകാരോഗ്യ സംഘടന സ്വീകരിച്ചിട്ടുള്ള സംവിധാനമാണ് പ്രീ ക്വാളിഫിക്കേഷൻ. ബവേറിയൻ നോർഡിക്കിന്റെ പരീക്ഷണങ്ങളുടെയും അതിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി നടത്തിയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒ വാക്സീന് അംഗീകാരം നൽകിയത്. അതേസമയം, വാക്സിന്റെ പ്രീ ക്വാളിഫിക്കേഷൻ എംപോക്സിനെതിരെയുള്ള പോരാട്ടത്തിൽ നിർണായകമായ ചുവടുവെപ്പാണെന്ന് ലോകാരോഗ്യ സംഘടന ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് വ്യക്തമാക്കി. കൂടാതെ ആവശ്യമുള്ളിടത്തെല്ലാം എത്തിക്കാൻ വേണ്ട വാക്സിനുകൾ ഉറപ്പുവരുത്താനും അതിനുവേണ്ട സംഭാവനകൾ ശേഖരിക്കുകയുമാണ് ഇനി അടിയന്തിരമായി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .






















