മരുന്നിന് പകരം ഓട്ടം ശീലമാക്കി പ്രമേഹത്തെ തോൽപിച്ചെന്ന അവകാശവാദവുമായി അമോലി എന്റർപ്രൈസസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രവി ചന്ദ്ര. സൗത്ത് ചൈനാ മോണിങ് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്പത്തിയൊന്നാം വയസ്സിലാണ് ടൈപ് 2 ഡയബറ്റിസ് ബാധിക്കുന്നതെന്നും അപ്പോൾതന്നെ ഡോക്ടർമാർ മരുന്ന് നിർദേശിക്കുകയും ചെയ്തുവെന്നും രവി ചന്ദ്ര പറയുന്നു. എന്നാൽ മരുന്നിനു പകരം ജീവിതചര്യ പാടേ മാറ്റിമറിക്കുകയാണ് രവി ചന്ദ്ര ചെയ്തത്. പിനീടങ്ങോട്ട് ഓട്ടം ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഓട്ടം തുടങ്ങി മൂന്നുമാസങ്ങൾക്കുള്ളിൽ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നില സാധാരണ ഗതിയിലേക്ക് എത്തിയെന്ന് രവി ചന്ദ്ര പറയുന്നു. 2015-ലാണ് രവിചന്ദ്രയെ പ്രമേഹം ബാധിക്കുന്നത്. അതിനുശേഷം ഹോങ്കോങ്, ചൈന, തായ്വാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 12 മാരത്തണുകൾ, അഞ്ച് ഹാഫ് മാരത്തണുകൾ തുടങ്ങിയവയിലും പങ്കെടുത്തു. ഓട്ടം ആരംഭിച്ച് മൂന്നുമാസമായതോടെ ഗ്ലൂക്കോസ് നില കുറഞ്ഞതായും രവി ചന്ദ്ര പറഞ്ഞു. സ്നാക്സുകളുടെ സ്ഥാനത്ത് പരമാവധി പഴങ്ങൾ കഴിച്ചതും ഗുണം ചെയ്തുവെന്ന് രവി ചന്ദ്ര വ്യക്തമാക്കുന്നുണ്ട്. അതേസമയം ചികിത്സ പാടേ ഒഴിവാക്കിയുള്ള രവി ചന്ദ്രയുടെ മാർഗത്തെ വിമർശിക്കുന്നവരുമുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ പിന്തുടരേണ്ടത് എന്നാണ് പലരും പറയുന്നത്.