പ്രിയദര്‍ശിനിക്ക് എതിരെ പടയൊരുക്കും: സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബസ് ജീവനക്കാരും ഉടമകളും

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരുക്കിയ സൗജന്യ യാത്രാ സേവനമായ പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ ശക്തമായ പ്രതിഷേധത്തിലേയ്ക്ക്. നഷ്ടത്തിലായ ബസുകളെയും ഉടമകളെയും ജീവനക്കാരെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.

കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 14ന് മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ചിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കാനും പദ്ധതിയിടുന്നുണ്ട്. തൊഴില്‍ നഷ്ടം, സാമ്പത്തിക നഷ്ടം തുടങ്ങിയവ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അനുയോജ്യമായ മാര്‍ഗം കണ്ടെത്തുകയോ, നഷ്ടത്തിലുള്ള ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഉടമയെയും ജീവനക്കാരെയും സംരക്ഷിക്കുകയോ ചെയ്യണമെന്നാണ് അസോസിയേഷന്റെ ആവശ്യം