മാധ്യമ രംഗത്തും തട്ടിപ്പുകള്‍ വ്യാപകമാകുന്നു: ബ്ലാക്ക് മെയിലിങ് ജേര്‍ണലിസത്തിനെതിരെയും ‘ഓപ്പറേഷന്‍ തൂഫാന്‍’ വേണമെന്ന് കോം ഇന്ത്യ

കൊച്ചി: കേരളത്തിലെ ലഹരി മാഫിയാ സംഘങ്ങള്‍ക്ക് എതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരില്‍ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നപേരില്‍ തട്ടിപ്പുകളും ബ്ലാക്‌മെയിലിങും നടത്തുന്ന സംഘങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന നടത്തുവരുന്ന കുറ്റകൃത്യങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ കോം ഇന്ത്യ സര്‍ക്കാരിന്റെ നടപടി ആവശ്യപ്പെട്ടത്.

യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജുകള്‍, ന്യൂസ് എന്ന് പേരിടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രൂപീകരിച്ച് വിവിധ ജില്ലകളില്‍ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങുമാണ് അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി കോം ഇന്ത്യ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ലക്ഷങ്ങളാണ് സംഘങ്ങള്‍ ഇത്തരത്തില്‍ തട്ടിച്ചെടുക്കുന്നത്.

ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇത്തരക്കാരുടെ പ്രവൃത്തി ഡിജിറ്റല്‍ മീഡിയകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനും കോം ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് ചീഫ് എന്നിവര്‍ക്ക് സംഘടന പരാതി നല്‍കാനും യോഗം തീരുമാനിച്ചു. ഇത്തരം പുഴുക്കുത്തുകളെ തൂത്തെറിയാന്‍, ബ്ലാക്ക് മെയിലിങ് സംബന്ധമായി വിവരം നല്‍കുന്നതിനായി പൊലീസ് തന്നെ ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും വിവരം കൈമാറാന്‍ പ്രത്യേക നമ്പര്‍ നല്‍കുകയും വേണം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു.