ബീജങ്ങളുടെ ഓട്ടമൽസരം കണ്ടിട്ടുണ്ടോ?

ബീജങ്ങളുടെ ഓട്ടമൽസരം കണ്ടിട്ടുണ്ടോ? ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഓട്ട മൽസരം സോഷ്യൽ ലോകത്ത് വൻ ചർച്ചയാവുകയാണ്. ഓട്ടമൽസരത്തിൽ പങ്കെടുക്കുന്നത് ബീജങ്ങളാണെന്നതാണ് ഇതിലെ കൗതുകം. ഒറ്റയടിക്ക് തമാശയെന്ന് തോന്നുമെങ്കിലും കാര്യം അൽപം ഗൗരവമുള്ളതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി ‘സ്പേം റേസിംഗ്’ എന്ന സ്റ്റാർട്ടപ്പാണ് ബീജ ഓട്ടം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 25 ന് ഹോളിവുഡ് പല്ലേഡിയത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ആയിരത്തിത്തിലധികം കാണികളെ പ്രതീക്ഷിക്കുന്നു. ഉയർന്ന റെസല്യൂഷൻ ക്യാമെറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ട്. തത്സമയം സ്‌ക്രീനിൽ കാണാനാവും. എന്നുവെച്ചാൽ ശരിക്കും ഒരു കായികമത്സരം ആസ്വദിക്കുന്ന പോലെ ഇതും ആസ്വദിക്കാൻ കഴിയും. വാർത്താസമ്മേളനങ്ങൾ, തത്സമയകമന്ററി തുടങ്ങി വാതുവയ്പ്പ് വരെ ഉണ്ടാകും. കഴിഞ്ഞ 50 വർഷത്തിനിടെ ആഗോളതലത്തിൽ ബീജങ്ങളുടെ എണ്ണം 50% ത്തിലധികം കുറഞ്ഞുവെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അൽപ്പം രസകരമായി ആളുകളിൽ ബീജാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ പ്രത്യുൽപാദന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറാൻ പ്രേരണ നൽകുകയാണ് ഈ ‘കായിക മൽസരം.