മുന്നറിയിപ്പുകളില്ലാതെ ആന്തരികാവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന രോഗങ്ങളെ നിശബ്ദ കൊലയാളികള്‍ എന്നാണ് വിളിക്കുന്നത്. ഫാറ്റി ലിവര്‍, ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, എച്ച്.ഐ.വി/എയ്ഡ്‌സ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാതെ അപകടകരമായ രീതിയില്‍ വരാമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്തര്‍. ഈ രോഗങ്ങള്‍ ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങളെ പതുക്കെ തകര്‍ക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേക്കും ചിലപ്പോള്‍ ഗുരുതരാവസ്ഥയിലെത്താം. ലോകാരോഗ്യ സംഘടന പറയുന്നത് ലോകമെമ്പാടുമുള്ള മരണങ്ങളില്‍ ഏകദേശം മൂന്നില്‍ നാല് ഭാഗത്തിനും കാരണം ഹൃദ്രോഗം, കാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ അതിസാംക്രമികമല്ലാത്ത രോഗങ്ങള്‍ ആണ്. ഇവ പലപ്പോഴും മാസങ്ങളോ വര്‍ഷങ്ങളോ കൊണ്ട് സാവധാനം വളരുന്നു. സ്ഥിരമായ ആരോഗ്യ പരിശോധനകള്‍, ആരോഗ്യകരമായ ജീവിതശൈലി, അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം എന്നിവ ഈ നിശബ്ദ ഭീഷണികളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.



















