ക്രൂയിസ് കപ്പലിലെ നൂറിലധികം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നോറോവൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്

ലോകം ചുറ്റാനിറങ്ങിയ ആഡംബര ക്രൂയിസ് കപ്പലിലെ നൂറിലധികം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നോറോവൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. രണ്ടായിരത്തോളം യാത്രക്കാരും 640 ക്രൂ അംഗങ്ങളുമായി 133 ദിവസത്തെ യാത്രക്ക് പുറപ്പെട്ട ഐഡ ദീവ എന്ന കപ്പലിലാണ് പകര്‍ച്ചവ്യാധി പടരുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രോഗബാധിതരില്‍ വയറിളക്കവും ഛര്‍ദ്ദിയും പ്രധാന ലക്ഷണങ്ങളാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി. രോഗബാധിതരായവരെ ക്വാറന്റീന്‍ ചെയ്തതതായും കപ്പല്‍ അണുവിമുക്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നവംബര്‍ 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. കപ്പല്‍ മിയാമിയില്‍ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ആദ്യ കേസ്. വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍. കഴിഞ്ഞ ഡിസംബറില്‍ യു.എസില്‍ വലിയ രീതിയില്‍ നോറോവൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.