ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കണ്ടെത്താന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് തെളിവെടുപ്പ്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ പോറ്റിയില്‍ നിന്നും സ്ഥിരീകരണം തേടും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് മുന്‍ മന്ത്രിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെയും മൊഴികള്‍ എടുക്കുന്നത്.






















