40 കളിലെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം

ആളുകൾക്ക് പ്രായമാകുന്നതോടെ ദൈനംദിന കാര്യങ്ങളോട് ശരീരം പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാകും. ശരീരത്തിന്റെ മെറ്റബോളിസം കുറയുകയും ഒപ്പം ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുമ്പോൾ ഹൃദ്രോഗം, പ്രമേഹം, എല്ലുകളുടെ ബലക്ഷയം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. എല്ലാ പ്രായത്തിലും സ്വന്തം ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണെങ്കിലും 40 വയസ്സെത്തുമ്പോൾ ഇക്കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉറക്കം അതിൽ ഒരു പ്രധാന ഘടകമാണ്. 40-60 വയസ്സുള്ളവർക്ക് ഏഴ് മുതൽ ഒമ്പത് മണിക്കൂർവരെ ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്മ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കുകയും 40 വയസ്സിന് മുകളിലുള്ളവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 15% വർധിപ്പിക്കുകയും ചെയ്യുന്നു. നല്ല ഉറക്കം രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. കൂടാതെ 40 വയസ്സിനു ശേഷം പേശീബലം വർധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടുതവണയെങ്കിലും വ്യായാമങ്ങൾ ചെയ്യുന്നത് എല്ലുകളുടെ സാന്ദ്രത നിലനിർത്താനും പേശികളെ ബലപ്പെടുത്താനും സഹായിക്കും. പേശീബലം വർധിപ്പിക്കുന്ന വ്യായാമങ്ങൾ ഹൃദ്രോഗ സാധ്യത 17% കുറയ്ക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മുതിർന്നവരിൽ പകുതിയിലേറെപ്പേർക്കും അമിതവണ്ണത്തിന് കാരണമാകുന്നത് ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളാണ്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയസ്തംഭനത്തിന്റെ അപകടസാധ്യത ഇരട്ടിയാക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ പ്രായക്കാർ പതിവായ പരിശോധനകൾ തുടരേണ്ടതാണ്. ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നീ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ രക്തപരിശോധനകൾ സഹായിക്കും. നേരത്തെയുള്ള രോഗനിർണയം ഹൃദയ സംബന്ധമായ മരണങ്ങൾ 20% കുറയ്ക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു.