എന്തുകൊണ്ടാണ് ചിലർ ഉറക്കത്തിൽ നടക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവ രണ്ടും സാധാരണയായി കാണപ്പെടുന്ന പാരാസോംനിയാസ് എന്നറിയപ്പെടുന്ന ഉറക്ക തകരാറുകളാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉറക്കത്തിൽ നടക്കൽ, സംസാരിക്കൽ എന്നിവക്ക് പിന്നിലെ കാരണങ്ങൾ പലതാണ്. ഉറക്കത്തിന്റെ ഏറ്റവും ഗാഢമായ ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ഇത് നോൺ-ആർ.ഇ.എം സമയത്താണ് കൂടുതലും ഉണ്ടാകുന്നത്. ഈ അവസ്ഥയിൽ തലച്ചോറിന്റെ ചില ഭാഗങ്ങൾ ഉണരുകയും ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ സജീവമാകുകയും ചെയ്യുമ്പോൾ, ബോധമനസ്സ് പൂർണ്ണമായും ഉറക്കത്തിൽ തന്നെ തുടരുന്നു. തലച്ചോറ് ഗാഢനിദ്രയിൽ നിന്ന് പൂർണ്ണമായും ഉണരാതെ, ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള അവസ്ഥയിൽ തുടരുന്നതാണ് ഇതിന് കാരണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉറക്കത്തിൽ നടക്കാനുള്ള പ്രവണത പാരമ്പര്യമായും ഉണ്ടാവാനും സാധ്യതയുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാം. കടുത്ത മാനസിക സമ്മർദം, ഉത്കണ്ഠ, അല്ലെങ്കിൽ പനി എന്നിവ ഉറക്കത്തിൽ നടക്കുന്നതിന് ഒരു കാരണമാകാമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. ഉറക്കത്തിൽ സംസാരിക്കുന്നത് ഏത് ഉറക്ക ഘട്ടത്തിലും സംഭവിക്കാം. ഇത് സാധാരണയായി അപകടകരമല്ല. ദിവസം മുഴുവനുമുള്ള ടെൻഷനുകളും ചിന്തകളും ഉറക്കത്തിൽ സംസാരമായി പുറത്തുവരാം. ശരീരത്തിന് സുഖമില്ലാതിരിക്കുമ്പോൾ ഉറക്കത്തിൽ സംസാരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്തർ പറയുന്നു. ഉറക്കത്തിൽ നടക്കലും സംസാരിക്കലും സാധാരണയായി ഗുരുതരമായ രോഗങ്ങളല്ലെങ്കിലും, അവ ചില ദോഷങ്ങളോ അപകടങ്ങളോ ഉണ്ടാക്കാം. ആയതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുകയാണെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.



















