ഭക്ഷണ പാക്കറ്റിന് മുന്നിൽതന്നെ നൂട്രീഷണൽ ലേബൽ പതിക്കണമെന്ന് ആവശ്യം

ഭക്ഷ്യവസ്തുക്കൾ പാക്കറ്റുകളിൽ വിൽക്കുമ്പോൾ അതിന്റെ ന്യൂട്രീഷൻ റിപ്പോർട്ട് കവറിന് മുന്നിൽ വ്യക്തമായി വായിക്കാൻ കഴിയുന്ന തരത്തിൽ പ്രിന്റ് ചെയ്യണമെന്ന ‘ഫ്രണ്ട് ഓഫ് പാക്ക് ലേബലിങ്’ നടപ്പാക്കണമെന്ന് പാർലമെൻറിന്റെ സബോർഡിനേറ്റ് ലെജിസ്‍ലേഷൻ കമ്മിറ്റിയുടെ നിർദ്ദേശം. ആഹാര വസ്തുക്കളും ഡയബറ്റിക്, കുടവയർ തുടങ്ങിയവക്കെതിരായ മരുന്നുകളും മറ്റും വാങ്ങുമ്പോൾ സാധാരണക്കാർക്ക് വേഗം തന്നെ അതിലടങ്ങിയിരിക്കുന്ന വസ്തുക്കളെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കേണ്ടതുണ്ട്. നിലവിൽ ഇത് പാക്കറ്റിന് പുറകിൽ പെട്ടെന്ന് വായിക്കാൻ കഴിയാത്ത തരത്തിൽ വളരെ ചെറിയ അക്ഷരങ്ങളിലാണ് കമ്പനികൾ രേഖപ്പെടുത്താറുള്ളത്. ഭക്ഷ്യസുരക്ഷ അതോറിറ്റി ഇതു സംബന്ധിച്ച നിർ​ദ്ദേശം എല്ലാ സ്ഥാപനങ്ങൾക്കും നൽകണമെന്നും അതുവഴി ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളും നൂട്രീഷൻ ഉത്പന്നങ്ങളും ലഭ്യമാക്കാൻ അവസരം നൽകണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.