പകല്‍ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനം

പകല്‍ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനം. യൂറോപ്പിലെ ഐസ്ലന്‍ഡിലെ റേകവിക് സര്‍വകലാശാല ?ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആഴ്ചയില്‍ ഒന്നോ-രണ്ടോ തവണ പോലും ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യുന്നത് സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 4,399 പേരുടെ ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി സ്വീകരിച്ചത്. 10 വര്‍ഷത്തോളം നീണ്ട പഠനകാലയളവില്‍ ഇവരുടെ വ്യായാമ ശീലം, ഉറക്കക്കുറവ്, ഉറക്കത്തിന്റെ ദൈര്‍ഘ്യം, പകല്‍സമയത്തെ ഉറക്കം തുടങ്ങിയവ പരിശോധിച്ചു. ആഴ്ചയില്‍ ഒരു മണിക്കൂറോ അതിലധികമോ വീതം മൂന്നു പ്രാവശ്യം വ്യായാമം ചെയ്യുന്നവര്‍ നല്ല ശാരീരിക പ്രവര്‍ത്തനം ഉള്ളവരാണെന്ന് വ്യക്തമാക്കി. പഠനത്തില്‍ പങ്കാളികളായവരില്‍ 25 ശതമാനം പേര്‍ വ്യായാമത്തില്‍ സജീവമായവരും 18 ശതമാനം പേര്‍ പിന്നീട് സജീവമായവരും 20 ശതമാനം പേര്‍ തീരെ വ്യായാമം ഇല്ലാത്തവരുമായിരുന്നു. തുടര്‍ന്നാണ് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നന്നായി വ്യായാമം ചെയ്യുന്നവരില്‍ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ വൈകുന്ന അവസ്ഥ 42 ശതമാനം കുറവും ഇന്‍സോംനിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് 22 ശതമാനം കുറവുമായിരിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. വ്യായാമം ശീലമാക്കിയിട്ടുള്ളവരില്‍ ആറുമുതല്‍ ഒമ്പതുമണിക്കൂര്‍ വരെ ഉറക്കം ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.