ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളിൽ പലതും സുരക്ഷിതമല്ലെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. മിക്ക പ്രോട്ടീൻ പൗഡറുകളിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയർന്ന അളവിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, പല ഉത്പന്നങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളാണ് നൽകിയിരിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
Peer-reviewed journal Medicine-ലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ:
പതിനെട്ട് മെഡിക്കൽ ഗ്രേഡ് വേ പ്രോട്ടീൻ പൗഡറുകളും, പതിനാറ് ന്യൂട്രാസ്യൂട്ടിക്കൽ വേ പ്രോട്ടീൻ പൗഡറുകളും താരതമ്യം ചെയ്താണ് പഠനം നടത്തിയത്.
-
പേശീ വളർച്ചയ്ക്ക് അനിവാര്യം: പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ അമിനോ ആസിഡ് ആയ ലൂസിൻ (Leucine), അഞ്ച് ഗ്രാമിൽ കൂടുതൽ ഒരു ഫാർമ-ഗ്രേഡ് പൗഡറുകളിലും കണ്ടെത്താനായില്ല.
-
ഉയർന്ന പഞ്ചസാരയുടെ അളവ്: പരിശോധിച്ച ഉത്പന്നങ്ങളിൽ 44 ശതമാനത്തിലും രണ്ട് ഗ്രാമിൽ കൂടുതൽ സൂക്രോസ് (Sucrose) അല്ലെങ്കിൽ ഫ്രക്ടോസ് (Fructose) പോലുള്ള പഞ്ചസാരകൾ അടങ്ങിയിരുന്നു.
-
ഗുരുതരമായ മറ്റ് ഘടകങ്ങൾ: പല ഉത്പന്നങ്ങളിലും ഹെവി മെറ്റലുകളും (Heavy Metals) അർബുദത്തിന് കാരണമാകുന്ന അഫ്ലാറ്റോക്സിനും (Aflatoxin) കണ്ടെത്തി.
-
തെറ്റിദ്ധരിപ്പിക്കുന്ന ലേബലിംഗ്: പ്രോട്ടീന്റെ അളവ് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതലായി കാണിക്കുന്നതിനായി, പ്രോട്ടീൻ അല്ലാത്ത അമിനോ ആസിഡ് ആയ ടോറൈൻ (Taurine) പല ഉത്പന്നങ്ങളിലും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.
“ഉപയോക്താക്കൾ പ്രോട്ടീൻ പൗഡറുകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. ലേബലുകൾ കൃത്യമായി പരിശോധിക്കുകയും, അംഗീകൃത ലബോറട്ടറിയിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്നത് സുരക്ഷിതത്വം ഉറപ്പാക്കാൻ സഹായിക്കും,” ഗവേഷകർ അഭിപ്രായപ്പെട്ടു.
നിലവാരം കുറഞ്ഞ പ്രോട്ടീൻ പൗഡറുകളുടെ ഉപയോഗം ദഹന പ്രശ്‌നങ്ങൾ, പോഷകാഹാര അസന്തുലിതാവസ്ഥ, ദീർഘകാലാടിസ്ഥാനത്തിൽ കരൾ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ആരോഗ്യകരമായ ശരീരത്തിന് പ്രകൃതിദത്തമായ പ്രോട്ടീൻ സ്രോതസ്സുകൾക്ക് പ്രാധാന്യം നൽകുന്നതാണ് ഉചിതം.



















