ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കാതെ കഴിച്ചാൽ

പലപ്പോഴും വിശപ്പും മടിയും കാരണം ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ ചൂടാക്കാതെ കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. റഫ്രിജറേറ്ററിൽ ഭക്ഷണം സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നുണ്ടെങ്കിലും ഇവ പൂർണമായും ആരോഗ്യത്തിന് നല്ലതല്ല. തണുത്ത ഭക്ഷണം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം കുറക്കുന്നതിനും പല്ലിൻറെ ആരോഗ്യത്തെയും ബാധിക്കുന്നു. ലിസ്റ്റീരിയ അല്ലെങ്കിൽ സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ ഉണ്ടെങ്കിൽ അത് ഭക്ഷ്യജന്യ രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യവിദദ്ധർ മുന്നറിയിപ്പ് നൽകുന്നു.ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ ഭക്ഷണം കേടാകുന്നത് തടയുമെങ്കിലും ഭക്ഷണത്തിന്റെ പോഷകഗുണം പൂർണമായും സംരക്ഷിക്കാൻ അതിന് കഴിയില്ല. കാലക്രമേണ വിറ്റാമിൻ സി, ചില ബി വിറ്റാമിനുകൾ എന്നിവ തണുപ്പിച്ച അവസ്ഥയിൽ വിഘടിച്ചേക്കാം. അവശേഷിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ, അല്ലെങ്കിൽ വേവിച്ച ധാന്യങ്ങൾ എന്നിവ ദീർഘകാലത്തേക്ക് സൂക്ഷിച്ചാൽ കുറഞ്ഞ ആന്റിഓക്‌സിഡന്റ് പ്രവർത്തനം ഉണ്ടാകാം. പോഷകങ്ങൾ കുറഞ്ഞ അത്തരം ഭക്ഷണം തുടർച്ചയായി കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം ക്രമേണ കുറച്ചേക്കാമെന്നും ആരോഗ്യവിദദ്ധർ പറയുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ നേരിട്ട് കഴിക്കാതെ ചെറിയ രീതിയിൽ ചൂടാക്കിയ ശേഷം കഴിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്.