അറിയാം കൂണുകളുടെ ആരോഗ്യ ഗുണങ്ങള്‍

നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് കൂണുകൾ. ഇതിൽ കലോറി കുറവാണ്. കൂടാതെ, ബി വിറ്റാമിനുകൾ, സെലിനിയം, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂണിൽ അടങ്ങിയിട്ടുണ്ട്. കൂണുകൾ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഭക്ഷ്യധാന്യങ്ങളിൽ കാണാൻ കഴിയാത്ത ലൈസീൻ, ട്രിപ്പ്റ്റോഫൻ എന്നീ രണ്ട് അമിനോ ആസിഡുകൾ ധാരാളമായി കൂണുകളിലുണ്ട്. എന്നാൽ വിഷക്കൂണുകൾ കഴിക്കുന്നത് ചെറിയ അളവിലാണെങ്കിലും മാരകമായേക്കാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഇത് ഭക്ഷ്യവിഷബാധ മുതൽ മരണ കാരണം വരെയാകാം. അതിനാൽ കൂണുകൾ തെരഞ്ഞെടുക്കുമ്പോൾ വെളുത്ത ചെകിളകളുള്ള കൂണുകൾ പറിക്കുന്നത് ഒഴിവാക്കുക. മാരകമായ പല അമാനിറ്റാ ഇനങ്ങൾക്കും ഈ സ്വഭാവമുണ്ട്. കുടയിലോ തണ്ടിലോ ചുവപ്പ് നിറമുള്ള കൂണുകൾ ഒഴിവാക്കണം. വിഷമുള്ള പല ഇനങ്ങൾക്കും ചുവപ്പ് നിറമുണ്ട്. ഉറപ്പുള്ളതും, ചതവുകളോ വഴുവഴുപ്പോ ദുർഗന്ധമോ ഇല്ലാത്തതുമായ കൂണുകൾ തിരഞ്ഞെടുക്കുക. വെള്ള, തവിട്ട്, അല്ലെങ്കിൽ ക്രീം നിറമുള്ള കൂണുകൾ നോക്കി വാങ്ങുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.