പലപ്പോഴും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ‘പിന്നെയാവാം’ എന്ന് പറഞ്ഞ് മാറ്റിവെക്കാറുണ്ട്. ഇതിനെ സാധാരണയായി മടിയായോ ടൈം മാനേജ്മെന്റ് ഇല്ലാത്തതിന്റെ ലക്ഷണമായോ ആണ് നാം കാണുന്നത്. എന്നാൽ, കാര്യങ്ങൾ നീട്ടിവെക്കുന്ന ഈ പ്രവണത (Procrastination) ഒരു വ്യക്തിയെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
താൽക്കാലിക ആശ്വാസം, ദീർഘകാല മാനസികസമ്മർദ്ദം:
ഒരു ജോലി നീട്ടിവെക്കുമ്പോൾ താൽക്കാലികമായി ഒരു ആശ്വാസം ലഭിച്ചേക്കാം. എന്നാൽ, സമയപരിധി അടുക്കുമ്പോൾ ഇത് കടുത്ത ഉത്കണ്ഠ (Anxiety), സമ്മർദ്ദം (Stress), കുറ്റബോധം (Guilt) എന്നിവയിലേക്ക് നയിക്കും. ഈ സ്ഥിരമായ പരിഭ്രാന്തിയും നീട്ടിവെക്കൽ ശീലവും ശരീരത്തിന്റെ സമ്മർദ്ദ പ്രതികരണ സംവിധാനത്തെ നിരന്തരം സജീവമാക്കുന്നു.
കോർട്ടിസോൾ ഹോർമോൺ ഉയരുന്നു, ശരീരം പ്രതിരോധത്തിലാകുന്നു
ഇത്തരമൊരു അവസ്ഥയിൽ, ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ (Cortisol) അളവ് ഉയർന്ന നിലയിൽ നിലനിൽക്കും. ഇത് ശരീരത്തെ നിരന്തരം ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ (Fight or Flight) പ്രതികരണത്തിലേക്ക് നയിക്കും. കാലക്രമേണ, ഇത് നിങ്ങളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുകയും, ശരീരത്തിലെ വീക്കം (Inflammation) വർദ്ധിപ്പിക്കുകയും, ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
അഡ്രിനാലിൻ കൂടുന്നു, വൈകാരിക അസ്ഥിരത:
മാത്രമല്ല, മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ അഡ്രിനാലിൻ (Adrenaline) എന്ന ഹോർമോണിന്റെ ഉത്പാദനം കൂടാൻ കാരണമാകും. ഇത് അമിതമായ ക്ഷീണത്തിനും വൈകാരിക അസ്ഥിരതയ്ക്കും (Emotional Instability) വഴിവെക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സഹായം തേടാൻ മടിക്കരുത്:
കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ ഈ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഒരു വിദഗ്ദ്ധനായ ഡോക്ടറുടെയോ മാനസികാരോഗ്യ വിദഗ്ദ്ധന്റെയോ (Mental Health Professional) സഹായം തേടേണ്ടത് അത്യാവശ്യമാണ്.



















