ലോക്ക് ഡൗണിലെ മദ്യവിതരണം: സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ മദ്യാസക്തി ഉള്ളവർക്ക് മദ്യം വി​തരണം ചെയ്യാമെന്ന സർക്കാർ ഉത്തരവ് ​ഹൈക്കോടതി സ്റ്റേ ചെയ്തു. ലോക്ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ആറു പേർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ മദ്യവിതരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ ടി.എൻ.പ്രതാപൻ എംപിയുടെ ഹർജിയെ തുടർന്ന് മൂന്നാഴ്ചത്തേയ്ക്ക് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്ന സർക്കാർ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവുമാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഡോക്ടർമാർ മദ്യം കുറിക്കില്ലെങ്കിൽ പിന്നെ ഉത്തരവുകൊണ്ട് എന്ത് പ്രയോജനമെന്നും കോടതി ചോദിച്ചു.

ഡോക്ടർമാരുടെ ധാർമികയെ ചോദ്യം ചെയ്യുന്നതാണ് ഉത്തരവ് എന്നും മദ്യാസക്തി ഉള്ളവർക്ക് മദ്യം എത്തിച്ചു നല്കുകയല്ല, ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത് തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎംഎ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ സർക്കാർ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു.

പിൻമാറ്റ ലക്ഷണമുണ്ടെന്നും മദ്യം നൽകാമെന്നും വ്യക്തമാക്കുന്ന ​സർക്കാർ ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്​സൈസ് ഓഫീസുകളിൽ നിന്ന് പാസ് അനുവദിക്കാനും പാസ് ഉള്ളവർക്ക് ജീവനക്കാർ വീട്ടിൽ മദ്യം എത്തിച്ചു നൽകുകയും സർവീസ് ചാർജായി നൂറു രൂപ ഈടാക്കുകയും ചെയ്യാമെന്ന് ബെവ്കോ മാർഗനിർദേശം പുറത്തിറക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെയും ബെവ്‌കോയുടെയും ഈ രണ്ട് ഉത്തരവുകളാണ് കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.

അതേസമയം, കോടതി ഉത്തരവ് വരുന്നതിന് മുമ്പേ പാസ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ നിർത്തിവെച്ചിരു​ന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY