സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാജോർജ്. മെഡിക്കൽ കോളേജുകളിലെ 19 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല/ജനറൽ ആശുപത്രികൾ, 87 താലൂക്ക് ആശുപത്രികൾ, 77 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 554 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 99 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 15 സ്പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, 114 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം 150, കൊല്ലം 61, പത്തനംതിട്ട 37, ആലപ്പുഴ 65, കോട്ടയം 57, ഇടുക്കി 32, എറണാകുളം 100, തൃശൂർ 99, പാലക്കാട് 68, മലപ്പുറം 106, കോഴിക്കോട് 89, വയനാട് 37, കണ്ണൂർ 62, കാസർഗോഡ് 38 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ ഇ ഹെൽത്ത് സജ്ജമാക്കിയത്. ഇതുവരെ 2.63 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ എടുത്തു. ഇ ഹെൽത്തിലൂടെ ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് തന്റെ ഫേസ്ബുക്പേജിലൂടെ വ്യക്തമാക്കി.



















