പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി യുവതിയുടെ കുടുംബം

ആലപ്പുഴ: ചേര്‍ത്തലയില്‍ ആറാം മാസത്തില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി യുവതിയുടെ കുടുംബം. ചൊവ്വാഴ്ച രാത്രിയോടെ യുവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിക്കുകയും ഡ്യൂട്ടി ഡോക്ടറെ കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചില മരുന്നുകള്‍ നല്‍കി നീരീക്ഷണ മുറിയിലേയ്ക്ക് അയച്ചുവെന്നും ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടക്കി അയച്ചുവെന്നും കുടുംബം പറയുന്നു. തുടര്‍ന്ന് രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുവാന്‍ തുടങ്ങുമ്പോഴായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആശുപത്രിയില്‍ നിന്നും നല്ല രീതിയില്‍ ചികിത്സ കിട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

LEAVE A REPLY