തൃശൂര്‍ക്ക് വണ്ടികയറുന്ന പൂരപ്രേമികളറിയാന്‍

തൃശൂർ: ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് സുരക്ഷ ശക്തമാക്കി. തൃശൂർ പുരത്തിന് ഇന്നലെയാണ് കൊടിയേറിയത്. മെയ് 13നാണ് തൃശൂർ പൂരം നടക്കുന്നത് . സുരക്ഷാ ഭീക്ഷണിയെ തുടർന്ന് ഇപ്രാവശ്യത്തെ പൂരം ചില നിയന്ത്രണങ്ങൾക്കു നടുവിലാണ് നടത്തപ്പെടുക. മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുരക്ഷ ശക്തമാക്കുവാൻ തീരുമാനിച്ചത്

സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പോലീസിനെയും സുരക്ഷാസേനയെയും വിന്യസിക്കും. പൂരനഗിരി ഉള്‍പ്പെടെ തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചു. പൂരത്തിന് വരുന്നവരാരും ബാഗുമായി വരാന്‍ പാടില്ല. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാന്‍ എത്തുന്നവരെ മെറ്റല്‍ ഡിക്റ്റക്ടര്‍ വഴിയാണ് കടത്തിവിടുക. ഘടക പൂരങ്ങളുടെ ഭാഗമായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണ്. വെടിക്കെട്ടുകള്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും. തിക്കും തിരക്കുമുണ്ടാകാതെ സുഗമമായി വെടിക്കെട്ട് ആസ്വദിക്കുന്നതിനുള്ള സകര്യം ഒരുക്കും. വെടിക്കെട്ട് നടത്തുന്ന തൊഴിലാളികളുടെ പൂര്‍ണ വിവരം മുന്‍കൂട്ടി കളക്ടറുടെ ഓഫീസില്‍ നല്‍കണം. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുള്ള വോളണ്ടിയര്‍മാരും കമ്മിറ്റി അംഗങ്ങളും തിളങ്ങുന്ന ജാക്കറ്റ് ധരിക്കണം. തിരിച്ചറിയല്‍ രേഖയും ജാക്കറ്റുമില്ലാതെ വോളണ്ടിയര്‍മാരെയും കമ്മിറ്റി അംഗങ്ങളെയും വെടിക്കെട്ട് സ്ഥലത്തേക്ക് കടത്തിവിടില്ല. വോളണ്ടിയര്‍മാരുടെ പട്ടിക മുന്‍കൂട്ടി കളക്ടര്‍ക്ക് നല്‍കണം.

ഇതിനൊക്കെ പുറമെ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ പാര്‍ത്ഥനില്ല. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍. തിടമ്പേറ്റേണ്ടിയിരുന്ന പാര്‍ഥന്‍ തൃശൂര്‍ പുരത്തിന് കൊടിയേറിയ ദിവസം വിട പറഞ്ഞത് ആനപ്രേമികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. 44 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പാര്‍ത്ഥന്‍ ചികിത്സയിലായിരുന്നു.

LEAVE A REPLY