മലപ്പുറത്ത് മൂന്നുപേര്‍ക്ക് മലമ്പനി, ജാഗ്രത

മലപ്പുറം വണ്ടൂരില്‍ അമ്പലപ്പടിയില്‍ ഏഴ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അമ്പലപ്പടി കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിയാറം, ഗ്രീഷ്മ, റിതേഷ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മലമ്പനി സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 17, 18-ാം വാര്‍ഡുകളില്‍ വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റു ജലസ്രോതസ്സുകളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന പരിശോധനയില്‍ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാര്‍വകളെയും കണ്ടെത്തി. പരിസരപ്രദേശങ്ങളില്‍ പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.