കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനം. അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. ഇവ ശരീരത്തിലെ കൊഴുപ്പിൽ ലയിക്കുന്നു. ചില പഠനങ്ങളിൽ വിറ്റാമിൻ ഡിയുടെ അഭാവം പലതരത്തിലുള്ള കാൻസറിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അണ്ഡാശയ അർബുദം, സ്തനാർബുദം, വൻകുടൽ അർബുദം തുടങ്ങിയവ വിറ്റാമിൻ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആരോഗ്യ വിദഗ്ധർ പറയുന്നു. എല്ലുകളുടെയും സന്ധികളുടെയും വേദന, പേശിവലിവ്, ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയൊക്കെ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. സൂര്യരശ്മികളാണ് വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയിൽ കൊള്ളുന്നതിലൂടെ വിറ്റാമിൻ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. കൂടാതെ പാൽ, തൈര്, ബട്ടർ, ചീസ്, മുട്ട, സാൽമൺ ഫിഷ്, കൂൺ, ധാന്യങ്ങൾ, പയർ വർഗങ്ങൾ തുടങ്ങിയവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. കൂടാതെ കാൻസർ സ്ഥിരീകരിക്കുന്ന രോഗികളിൽ വിറ്റാമിൻ സിയുടെ കുറവും വലിയ തോതിൽ കാണാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗപ്രതിരോധ ശേഷി വർധിക്കാൻ ശരീരത്തിന് വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സി ശരീരത്തിൽ കുറഞ്ഞാൽ അർബുദ രോഗികളുടെ അതിജീവനം ബുദ്ധിമുട്ടാകും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിൾ തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. സ്തനാർബുദം, ശ്വാസകോശ അർബുദം, ത്വക്ക് അർബുദം, സെർവിക്കൽ കാൻസർ, ഗ്യാസ്ട്രിക് കാൻസർ, കരളുമായി ബന്ധപ്പെട്ട അർബുദം, അണ്ഡാശയ അർബുദം എന്നിവ വിറ്റാമിൻ എയുടെ കുറവുമായി ഉണ്ടാകുന്നതാണ്. വിറ്റാമിൻ എ കാൻസർ സാധ്യതയെ കുറയ്ക്കുന്ന ഒരു ആൻറി ഓക്സിഡൻറായി പ്രവർത്തിക്കും. മധുരക്കിഴങ്ങ്, ക്യാരറ്റ്, ചീര തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.


















