സ്റ്റോക്കിങ് നേരിട്ട സ്ത്രീകളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഒരാളുടെ അനുവാദമോ താത്പര്യമോ കൂടാതെ അയാളെ നിരന്തരം പിന്തുടരുന്ന രീതിയാണ് സ്റ്റോക്കിങ്. ശാരീരികമായി ഉപദ്രവം ഉണ്ടായില്ലെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന ഗൗരവമുള്ള പ്രവൃത്തിയായാണ് സ്റ്റോക്കിങ്ങിനെ കണക്കാക്കുന്നത്. ചില സന്ദർഭങ്ങളിൽ ഇത് ജീവഹാനിയുണ്ടാക്കുകയും ചെയ്യാം. മൂന്നിൽ ഒന്ന് സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സ്റ്റോക്കിങ്ങിന് വിധേയരായിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കുന്നു. സ്റ്റോക്കിങ് നേരിട്ടതും ഇതിൽ നിന്ന് നിയമപരമായ സംരക്ഷണം ലഭിച്ചതുമായ 66000-ത്തിലധികം സ്ത്രീകളിലാണ് പഠനം നടത്തിയത്. മറ്റുള്ളവരെ അപേക്ഷിച്ച് സ്റ്റോക്കിങ് നേരിട്ട സ്ത്രീകളിൽ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത 41 ശതമാനം കൂടുതലായിരിക്കുമെന്ന് ഹാർവാർഡ് ടി എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.



















