അടുത്ത മാസം മുതല്‍ ഡാറ്റാ, കോള്‍ നിരക്കുകളില്‍ വര്‍ധന

മുംബൈ: അടുത്ത മാസം മുതല്‍ ഡാറ്റാ, കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍. വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കോള്‍ നിരക്കുകള്‍ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടില്ല. ജിയോയുടെ വരവ് മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് ,ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ ടെല്ലും തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മാസം മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. അതേസമയം എത്ര രൂപയാണ് വര്‍ധിപ്പിക്കുക എന്ന കാര്യം ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. കോള്‍ നിരക്കുകള്‍ 30 ശതമാനം മുതല്‍ 45 ശതമാനം വരെയും ഡാറ്റാ നിരക്കുകള്‍ 200 ശതമാനം വരെയും അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ വര്‍ധിക്കുമെന്നാണ് സൂചന. നിരക്കുകള്‍ 10 ശതമാനം കൂട്ടുകയും വരിക്കാരെ നിലനിര്‍ത്തുകയും ചെയ്യാന്‍ സാധിച്ചാല്‍ മൂന്ന് മാസം കൊണ്ട് ഇരു കമ്പനികള്‍ക്കും 3,500 കോടി രൂപയുടെ അധിക വരുമാനം നേടാന്‍ സാധിക്കും.

സൗജന്യ നിരക്കുകളുമായി വിപണിയിലെത്തിയ ജിയോ അടുത്തിടെ മിനിറ്റിന് ആറു പൈസയായി കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ ടെലികോം കമ്പനികള്‍ നിശ്ചിത തുകയടക്കണമെന്ന കോടതി വിധി വന്നതോടെ എയര്‍ടെല്ലും, വൊഡാഫോണ്‍ ഐഡിയയും ആകെ 74,000 കോടി രൂപ നഷ്ടത്തിലാണ്.

LEAVE A REPLY