ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. നിസ്സാരമെന്ന് നമ്മൾ കരുതുന്ന പല ശീലങ്ങളും നിശ്ശബ്ദമായി നമ്മുടെ കാഴ്ചക്ക് മങ്ങലേൽപ്പിക്കുകയാണ്. നമ്മുടെ കണ്ണുകളെ രോഗികളാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് ഡിജിറ്റൽ സമ്മർദം. സ്ക്രീനുകളുമായി നിരന്തരം ബന്ധം പുലർത്തുന്നത് ഇടയ്ക്കിടെ ഫോകസ് പുനഃക്രമീകരിക്കാൻ കണ്ണുകളെ നിർബന്ധിതരാക്കുന്നു. കണ്ണുകൾ വരണ്ടുപോകുന്നതിനൊപ്പം, ചൊറിച്ചിൽ, തലവേദന, കാഴ്ച മങ്ങൽ എന്നിവ ഇതുമൂലം സംഭവിക്കാം. മറ്റൊരു കാരണമാണ് അൾട്രാവയലറ്റ് രശ്മികൾ. അൾട്രാവയലറ്റ് രശ്മികൾ കണ്ണുകൾക്ക് ദോഷം ചെയ്യുമെന്ന് തിരിച്ചറിയാതെയാണ് പലരും സൺഗ്ലാസുകൾ ഇല്ലാതെ പുറത്തിറങ്ങുന്നത്. ദീർഘനേരം ഈ കിരണങ്ങൾ കണ്ണിനേൽക്കുന്നത് തിമിരം, റെറ്റിനയിലെ കേടുപാടുകൾ, നേത്ര കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. യു.വി സംരക്ഷണമുള്ള സൺഗ്ലാസുകൾ ചർമ്മത്തിന് സൺസ്ക്രീൻ എന്ന പോലെ തന്നെ പ്രധാനമാണ്. കൂടാതെ ശരിയായ ഉറക്കക്കുറവ്, നിർജലീകരണം, കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മൽ, വൈറ്റമിനുകൾ കുറവുള്ള ഭക്ഷണക്രമം എന്നിവ കാഴ്ചയെ സാവധാനത്തിൽ ദുർബലപ്പെടുത്തും. വൈറ്റമിൻ എ, സി, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കുറവുകൾ കണ്ണുകളുടെ പ്രതിരോധശേഷി കുറയ്ക്കുന്നു. നന്നായി വെള്ളം കുടിക്കുക, പുറത്തുപോകുമ്പോൾ സൺഗ്ലാസുകൾ ധരിക്കുക, പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുക എന്നിവ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും. നേത്ര പരിചരണത്തിന് ദൈനംദിന ജീവിതത്തിൽ മുൻഗണന നൽകണമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.


















