പ്രതിസന്ധിഘട്ടങ്ങളില്‍ കേരളത്തിനൊപ്പം നിന്നത് പ്രവാസികള്‍: മുഖ്യമന്ത്രി

സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോക കേരളസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം മുതല്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലൊക്കെ പ്രവാസിസമൂഹത്തിന്റെ കരുതല്‍ കേരളം നല്ല രീതിയില്‍ അനുഭവിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക കേരളസഭ സംബന്ധിച്ച് പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴതു മാറിയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഭാവി എങ്ങനെ വേണമെന്ന കാര്യത്തില്‍ പ്രവാസികളില്‍നിന്ന് നിരവധി നിര്‍ദേശങ്ങളുണ്ടായി. പ്രവാസികള്‍ക്ക് സഹായിക്കാനാകുന്ന മേഖലകള്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാരിനു കഴിയണം. സംസ്ഥാനവും സര്‍ക്കാരും എല്ലാക്കാലത്തും പ്രവാസികള്‍ക്കൊപ്പം നിന്നിട്ടുണ്ട്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കേരളം നവീകരിക്കപ്പെടണം. അല്ലെങ്കില്‍ പിന്തള്ളപ്പെടും. വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നിയ ഒരു കേരളത്തിനാണ് ശ്രിമിക്കുന്നത്. അതിന് പ്രവാസികളില്‍നിന്നു സഹായമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.