പാമ്പുകടിയേറ്റ കുട്ടിക്ക് 2 മണിക്കൂറിനിടെ 76 ആന്റിവെനം കുത്തിവയ്പ്പ്

പാമ്പുകടിയേറ്റ പതിനഞ്ചുകാരനെ രക്ഷിക്കാന്‍ ഡോക്ടര്‍ നല്‍കിയത് 2 മണിക്കൂറിനിടെ 76 വിഷപ്രതിരോധ കുത്തിവയ്പ്പുകള്‍. യു.പിയിലെ കനൗജ് ജില്ലയിലാണ് സംഭവം. വിറക് ശേഖരിക്കുന്നതിനിടെ കരണ്‍ എന്ന ആണ്‍കുട്ടിയെ ആണ് മൂര്‍ഖന്‍പാമ്പ് കടിച്ചത്. പാമ്പിനെ തല്ലിക്കൊന്ന നാട്ടുകാര്‍ കുട്ടിക്കൊപ്പം ചത്ത പാമ്പിനെയും ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായ കുട്ടിക്ക് ഡോക്ടര്‍ ഉടന്‍ ആന്റിവെനം കുത്തിവയ്പ്പ് നല്‍കി. എന്നാല്‍ കുട്ടിയില്‍ മാറ്റമൊന്നും പ്രകടമാകാത്തതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ഇടയില്‍ തുടര്‍ച്ചയായി 76 കുത്തിവയ്പ്പുകള്‍ നല്‍കിയതായി ഡോക്ടര്‍ പറയുന്നു. ആശുപത്രിയില്‍ ആവശ്യത്തിന് ആന്റിവെനം ലഭ്യമായതിനാലാണ് ചികിത്സ സാധ്യമായതെന്ന് ഡോക്ടര്‍ പറയുന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത കുട്ടി സുഖം പ്രാപിച്ചുവരുകയാണ്.