കോഴിക്കോട് താമരശ്ശേരിയില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍കരുതലുകള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്. വീടിന് സമീപത്തെ കുളത്തില്‍ കുട്ടി കുളിക്കാനിറങ്ങിയിരുന്നു എന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കളായ നാല് പേര്‍ പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കുളത്തിലെയും സമീപ പ്രദേശങ്ങളിലെയും ജലാശയ സാംപിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കാനൊരുങ്ങുകയാണ്. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് നാലാം ക്ലാസ്സുകാരിയായ അനയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.



















