നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മന്ത്രി

ശസ്ത്രക്രീയയ്ക്ക് ഇടയില്‍ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. കാട്ടാക്കട സ്വദേശിനി സുമയ്യയാണ് ശസ്ത്രക്രീയയിലെ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്. 2023ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയിഡ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രീയയ്ക്കാണ് യുവതി വിധേയ ആയത്. തുടര്‍ന്ന് കഫക്കെട്ടും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ രണ്ടുവര്‍ഷം ചികിത്സ തുടര്‍ന്നു. പിന്നീട് 2025 സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയിലാണ് നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയതായി കണ്ടെത്തിയത്. പിന്നീട് ശ്രീചിത്ര ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വയര്‍ രക്തക്കുഴലുമായി ഒട്ടിച്ചേര്‍ന്നതായും നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും കണ്ടെത്തി. ഇതോടെ ശസ്ത്രക്രീയ നടത്തിയ ഡോക്ടര്‍ കയ്യൊഴിഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു.