അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള കരളുമായി മെഡിക്കൽ സംഘം മെട്രോയിൽ .
നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള കരൾ 30 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയത് മെട്രോയിൽ. അവയവം കൃത്യസമയത്തെത്തിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതയാണ് റിപ്പോർട്ട്. ബെംഗളൂരു മെട്രോയിൽ ആദ്യമായിട്ടാണ് ശസ്ത്രക്രിയയ്ക്ക് അവയവം കൊണ്ടു പോകുന്നത് എന്നും രാജ്യത്ത് ഇതു രണ്ടാം തവണയാണ് അവയവം കൊണ്ടുപോകാൻ മെട്രോ ഉപയോഗിക്കുന്നതെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) വ്യക്തമാക്കി. ബെംഗളൂരു വൈറ്റ്ഫീൽഡിലെ വൈദേഹി ആശുപത്രിയിൽ നിന്ന് രാജരാജേശ്വരി നഗറിലെ സ്പർശ് ആശുപത്രിയിലേക്കാണ് കരൾ മെട്രോയിൽ കൊണ്ടു പോയത്. മെട്രോ ജീവനക്കാർ മെഡിക്കൽ സംഘത്തെ കൃത്യമായി ആംബുലൻസിന് അടുത്തെത്തിച്ചു. അവയവം കൃത്യസമയത്ത് തന്നെ സ്പർശ് ആശുപത്രിയിൽ എത്തിക്കാനായെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു മാത്രമല്ല ബിഎംആർസിയുടെ യാത്രാ മാനദണ്ഡങ്ങൾ പാലിച്ചാണ് അവയവം കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.






















