ഗ്രിൽഡ് ഭക്ഷണം കൂടുതലാകേണ്ട; അപകടമെന്ന് പഠനം. കനലോ വിറകോ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കിടയാക്കുമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ചൈനയിലെ മധ്യവർഗജനതയുടെ ജീവിതരീതിയാണ് പഠനത്തിനാധാരമാക്കിയത്. 30നും 80നും ഇടയിൽ പ്രായമുള്ള 2,80,000 പേരുടെ ജീവിതരീതി വർഷങ്ങളോളം പഠിച്ച ശേഷമാണ് ഗവേഷക സംഘം റിപ്പോർട്ട് പുറത്തുവിട്ടത്. ഇവരിൽ ഏറെ പേരും കൽക്കരിയോ, വിറകോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരായിരുന്നു. കരിയോ വിറകോ കത്തിക്കുമ്പോൾ ഇവയിൽ നിന്നും സൂക്ഷ്മമായ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കലരുന്നുണ്ട്. ഇത് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദക്തർ പറയുന്നു. യുവാക്കളാണ് ഗ്രിൽഡ് ഭക്ഷണങ്ങളോട് ഏറെ പ്രിയം കാണിക്കുന്നത്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് അപകടമാണെന്നാണ് പഠനസംഘം അഭിപ്രായപ്പെടുന്നത്. വിറകിൽ വേവിക്കുന്നതിനെക്കാൾ കലർപ്പ്, കരിയിൽ തുറന്ന രീതിയിൽ വേവിക്കുന്ന ഭക്ഷണത്തിൽ കലരുന്നുണ്ട്. അകത്തെത്തുന്ന ചെറിയ അവശിഷ്ടങ്ങൾ ശ്വാസകോശത്തിൽ കരടുകൾ പോലെ കിടക്കുകായും ക്രമേണ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ ഇത് വളരെ ദോഷകരമായി ബാധിക്കുമെന്നും വിദക്തർ മുന്നറിയിപ്പ് നൽകുന്നു.






















