രക്തദാനത്തിന് പിന്നാലെ യുവാവിന് ജീവന്‍ നഷ്ടമായി. ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കിയ മഹേഷ് കുമാര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി ആശുപത്രി അധികൃതർ ബ്ലഡ് പ്രഷര്‍, പള്‍സ് എന്നിവ പരിശോധിച്ചിരുന്നു. എല്ലാം നോർമൽ ആയതിനാൽ രക്തം നല്‍കുകയും, പിന്നീട് പുറത്തിറങ്ങി ശീതള പാനീയം കുടിക്കുന്നതിനിടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇസിജിയില്‍ വ്യത്യാസം കണ്ടതോടെ യുവാവിനെ ഉടന്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായില്ല. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.



















